പ്രൊഫ. എന്‍. കൃഷ്ണപിള്ള


  • ജനനം: 1916

    1916 സെപ്റ്റംബര്‍ 22-ാം തീയതി (1092 കന്നിമാസം 7-ാം തീയതി ആയില്യം) വര്‍ക്കലയ്ക്കടുത്തുള്ള ചെമ്മരുതിയില്‍, ചെക്കാലവിളാകത്തു വീട്ടില്‍ പാര്‍വതിയമ്മയുടെയും ആറ്റിങ്ങല്‍ കക്കാട്ടു മഠത്തില്‍ കേശവരു കേശവരുടെയും പുത്രനായി എന്‍. കൃഷ്ണപിള്ള ജനിച്ചു.


  • വിദ്യാഭ്യാസം:

    ചെമ്മരുതി, നാവായിക്കുളം, ശിവഗിരി, ആറ്റിങ്ങല്‍, തിരുവനന്തപുരം (1921 - '38) എന്നിവിടങ്ങളില്‍. തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ നിന്ന് 1938-ല്‍ ബി.എ. (ഓണേഴ്സ്) ബിരുദം നേടി. 1940-'43 കാലത്ത് തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ 'കേരളസംസ്കാരത്തിലെ ആര്യാംശം' എന്ന വിഷയത്തെ ആധാരമാക്കി ഗവേഷണം നടത്തി.


  • ഔദ്യോഗികജീവിതം:

    ശിവഗിരി മലയാളം ഹൈസ്ക്കൂളില്‍ അധ്യാപകന്‍ (1938 - '40); തിരുനെല്‍വേലി ഹിന്ദു കോളേജിലും (1943 - '44) ; തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും (1944 - '57) ലക്ചറര്‍ ; തലശ്ശേരി ഗവണ്‍മെന്‍റ് ബ്രണ്ണന്‍ കോളേജില്‍ പ്രൊഫസര്‍ (1957- '58); തിരുവനന്തപുരം ഇന്‍റര്‍മീഡിയറ്റ് കോളേജില്‍ പ്രിന്‍സിപ്പല്‍ (1958 - '63); യൂണിവേഴ്സിറ്റി കോളേജില്‍ മലയാളം പ്രൊഫസര്‍ (1963 - '72); യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്റെ അവാര്‍ഡോടു കൂടി യൂണിവേഴ്സിറ്റി കോളേജില്‍ എമെരിറ്റസ് പ്രൊഫസര്‍ (1972 - '77); കേരള യൂണിവേഴ്സിറ്റി വിസിറ്റിങ് പ്രൊഫസര്‍ (1978 - '79); ശ്രീ വിദ്യാധിരാജാ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാഡ്വേജ് സ്റ്റഡീസില്‍ പ്രൊഫസര്‍ (1981 - '85). സാഹിത്യപ്രവര്‍ത്തക സഹകരണസംഘം അദ്ധ്യക്ഷന്‍ (1971 - '74).


  • ബഹുമതികള്‍:

    കേരള സാഹിത്യ അക്കാദമിയുടെ 1956-ലെ ഏറ്റവും നല്ല നാടകത്തിനുള്ള അവാര്‍ഡ് (അഴിമുഖത്തേക്ക്); 1971-ലെ ഏറ്റവും നല്ല മലയാള കൃതിക്കുള്ള 'ഓടക്കുഴല്‍' അവാര്‍ഡ് (തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍); കേരള സംഗീതനാടക അക്കാദമിയില്‍നിന്ന് 1973-ല്‍ നാടകരചനയ്ക്കുള്ള അവാര്‍ഡ്; 1978-ല്‍ കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം; 1978-ല്‍ കേന്ദ്ര സംഗീതനാടക അക്കാദമിയുടെ നാടകരചനയ്ക്കുള്ള അവാര്‍ഡ്; 1970, 71, 72 വര്‍ഷങ്ങളില്‍ ഏറ്റവും നല്ല പ്രബന്ധകൃതിക്കുള്ള സാഹിത്യ പ്രവര്‍ത്തക അവാര്‍ഡ് (തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍); 1972, 73, 74 വര്‍ഷങ്ങളില്‍ ഏറ്റവും നല്ല നാടകത്തിനുള്ള സാഹിത്യപ്രവര്‍ത്തക അവാര്‍ഡ് (കുടത്തിലെ വിളക്ക്); 1956 മുതല്‍ 80 വരെയുള്ള കാലയളവില്‍ പ്രസിദ്ധീകൃതമായ ഏറ്റവും നല്ല പഠനാത്മകകൃതിക്കുള്ള കേരളസാഹിത്യ അക്കാദമിയുടെ രജതജൂബിലി അവാര്‍ഡ് (കൈരളിയുടെ കഥ); മലയാളനാടകവേദിക്ക് മികച്ച സംഭാവന നല്‍കിയ വ്യക്തിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് (1986), 1987- ലെ ഫാദര്‍ എബ്രഹാം വടക്കേല്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ രാമവര്‍മ്മ സാഹിത്യ അവാര്‍ഡ്, സി.വി. സാഹിത്യപുരസ്കാരം (പ്രതിപാത്രം ഭാഷണഭേദം).


  • കുടുബം :

    ഭാര്യ : അഴകത്തു സരസ്വതിക്കുഞ്ഞമ്മ. നാലു പെണ്‍മക്കള്‍ (സാഹിതി, കല, മാധുരി, നന്ദിനി). ഒരു മകന്‍ (ഹരി). വിലാസം : 'നന്ദനം', ഈശ്വരവിലാസം റോഡ്, ജഗതി, തിരുവനന്തപുരം - 695 014.


  • മരണം : 1988

    1988 ജൂലൈ 10-ാം തീയതി (1163 മിഥുനം 26-ാം തീയതി) രാത്രി 8.20 ന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്‍ററില്‍ അന്തരിച്ചു.


നാടകാചാര്യനും സാഹിത്യകുലപതിയും അദ്ധ്യാപകശ്രേഷ്ഠനുമായിരുന്ന പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ സ്മരണ നിലനിര്‍ത്തുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിനുവേണ്ടി 1989 ജൂലായ് 17-ന് ചാരിറ്റബിള്‍ സൊസെറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ സാംസ്കാരിക സംഘടനയാണ് പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്‍.