പ്രൊഫ. എന്‍. കൃഷ്ണപിള്ള മ്യൂസിയം


ഫൗണ്ടേഷന്റെ ആസ്ഥാനമന്ദിരത്തില്‍, മൂന്നാം നിലയായി ശ്രീ. തെന്നല ബാലകൃഷ്ണപിള്ള എം.പി. യുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച പത്ത് ലക്ഷം രൂപ വിനിയോഗിച്ചു നിര്‍മ്മിച്ച പ്രൊഫ. എന്‍. കൃഷ്ണപിള്ള മ്യൂസിയമന്ദിരം 2010 ജനുവരി 29നു ഉദ്ഘാടനം ചെയ്തു. 2010 സെപ്റ്റംബര്‍ 21-നു പ്രൊഫ. എന്‍. കൃഷ്ണപിള്ള മ്യൂസിയം ഉദ്ഘാടനം ചെയ്തു. എന്‍. കൃഷ്ണപിള്ളയുടെ സ്വകാര്യവസ്തുക്കള്‍, ഫലകങ്ങള്‍, ബഹുമതിപത്രങ്ങള്‍, പുസ്തകങ്ങള്‍, കൈയെഴുത്തുപ്രതികള്‍, പത്രവാര്‍ത്തകള്‍, ചിത്രങ്ങള്‍ തുടങ്ങിയവ മ്യൂസിയത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. എന്‍. കൃഷ്ണപിള്ളയുടെ ജീവചരിത്രക്കുറിപ്പ്, എന്‍. കൃഷ്ണപിള്ളയുടെ പ്രസിദ്ധീകൃതഗ്രന്ഥങ്ങള്‍, എന്‍. കൃഷ്ണപിള്ളയെക്കുറിച്ചുള്ള പഠനങ്ങള്‍ എന്നിവ അടങ്ങിയ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. മ്യൂസിയം സ്ഥിതിചെയ്യുന്ന മൂന്നാം നിലയില്‍ ഗവേഷകര്‍ക്കുവേണ്ടി രണ്ട് അതിഥിമുറികളും സജ്ജീകരിച്ചിട്ടുണ്ട്.

നാടകാചാര്യനും സാഹിത്യകുലപതിയും അദ്ധ്യാപകശ്രേഷ്ഠനുമായിരുന്ന പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ സ്മരണ നിലനിര്‍ത്തുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിനുവേണ്ടി 1989 ജൂലായ് 17-ന് ചാരിറ്റബിള്‍ സൊസെറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ സാംസ്കാരിക സംഘടനയാണ് പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്‍.